Thursday, April 2, 2009

ഇടപ്പളി മാമാങ്കം

രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് എവിടെ നിന്നോ വന്ന ഒരു ഈമെയിലില്‍ വളരെ യാദൃശ്ചികമായാണ് ഈ കഥ എന്‍റെ കയ്യില്‍ എത്തിയത്. ചെങ്ങനൂര്‍ എഞ്ചിനീയറിങ് കോളേജില്‍ പഠിച്ച അരവിന്ദ് എന്ന ഒരു ചെറുപ്പക്കാരന്‍ എഴുതിയ ഈ കഥ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു


ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇംഗ്ലീഷു വര്‍ഷം രണ്ടായിരത്തിആറ്. ചെങ്ങന്നൂരില്‍ ഡിഗ്രീ പഠിച്ചു കൊണ്ടിരുന്ന കാലം. നല്ലവണ്ണം തിന്നണം, സിനിമ കാണണം (നൂണ്‍ ഷോയും മാറ്റിനിയും 1:5 മിനിമം അനുപാതം), സുന്ദരികളെ കഠിനമായി പ്രേമിച്ചു കല്യാണം കഴിക്കണം, കോടിക്കണക്കിനു രൂപാ ഉണ്ടാക്കി (എങ്ങനെ ഉണ്ടാക്കി എന്നത് ഔട്ട് ഓഫ് സിലബസ് കൊസ്റ്റ്യന്‍ ആണ്) സുഖിച്ചു ജീവിക്കണം എന്നൊക്കെ അല്ലാതെ നന്നായി പഠിക്കണം, പാസ്സാവണം, ജോലി വാങ്ങണം എന്നുള്ള ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ല.
കൂടെ പഠിക്കുന്ന ഒരുത്തന് മാസം പതിനേഴായിരം രൂപാ ശമ്പളത്തില്‍ വിപ്രോയില്‍ ജോലി കിട്ടുന്നത് വരെ...

മാസത്തില്‍ ചങ്ങനാശ്ശേരി അഭിനയയില്‍ മൂന്ന് റിലീസ് പടം, ചെങ്ങനൂര്‍ ചിപ്പിയില്‍ 'എം. എ. ധവാന്‍റെ' ഒരു പടം, ബസ്സു കൂലി, ഉച്ചക്ക് കാന്‍റീന്‍ ഫുഡ്, വൈകുന്നേരം കടി (പോത്തരിക്കന്‍സിലെ മസാല ദോശ), രാത്രി കോഫീ ഹൌസിലെ പൊറോട്ട ബീഫ്, ക്ലാസ്സില്‍ കയറുന്നവരുടെ നോട്ടുബുക്കിന്റെ ഫോട്ടോസ്റാറ്റ് കോപ്പികള്‍, മേക്കപ്പ് സാമഗ്രികള്‍, പെണ്പില്ലെര്‍ക്ക് കൊടുക്കാന്‍ കത്ത്, ഗ്രീറ്റിങ്ങ് കാര്‍ഡ്, കിറ്റ്‌ കാറ്റ്... എല്ലാം കൂടെ കൂട്ടിയാലും ആകെ ചെലവ് അഞ്ഞൂറില്‍ താഴെ ഒതുങ്ങും. അപ്പോളാണ് കൂടെ ഉള്ള ഒരുത്തന് പതിനേഴായിരം രൂപാ മാസശമ്പളത്തില്‍ പഠിത്തം തീരുന്നതിനു മുന്‍പേ ജോലി! എങ്ങനെ സഹിക്കും!!!

അക്കാലത്തു ഞങ്ങളുടെ ക്ലാസ്സില്‍ ശക്തമായ രണ്ടു വിഭാഗം ആണ്‍പിള്ളേരാണ് ഉണ്ടായിരുന്നത്. ഒന്നാമത്തെ വിഭാഗം : "ബ്രാ മെംബേര്‍സ്". ബ്രാ എന്നാല്‍ ബാക്ക് റോ അസോസിയേഷന്‍, അതായതു ക്ലാസ്സിലെ പിന്‍ സീറ്റുകളില്‍ ഇരിക്കുന്നവര്‍ എന്നര്‍ത്ഥം. അസ്സൈന്മേന്റൊന്നും നേരത്തിനും കാലത്തിനും ചെയ്യാത്തവര്‍, സപ്ലിക്ക് മുകളില്‍ സപ്ലി ഉള്ളവര്‍, ക്ലാസ്സില്‍ ഇരുന്നില്ലെന്കില്‍ അദ്യാപകര്‍ സന്തോഷത്തോടെ അറ്റന്റന്‍സ് കൊടുക്കുന്നവര്‍, ക്ലാസ്സില്‍ ബഹളമുണ്ടാക്കുന്നവര്‍, പഠിപ്പിക്കാന്‍ വരുന്ന പുതിയ ടീച്ചറെ ചരക്കെന്ന് വിളിക്കുന്നവര്‍, ഫുട്ബോള്‍ ഗ്രൌണ്ടിലെ പോസ്റ്റില്‍ ചാരി നിന്ന് സിഗരെട്ടു വലിക്കുമ്പോള്‍ സാക്ഷാല്‍ പ്രിന്‍സി വന്നാലും കുറ്റി താഴെ ഇടാത്തവര്‍, വെള്ള ഗ്രേ യുനിഫോമില്‍ ഗ്രേ പാന്റിനു പകരം നീല, കറുപ്പ്, ഗ്രേ കളരുകളിലുള്ള ജീന്‍സിട്ട് കോളേജില്‍ വരുന്നവര്‍, ക്ലാസ്സിലെ പീസായ ഡേയ്സി ഇന്ന് ടയെട് ആയിരിക്കുന്നതിന്‍റെ കാരണം എന്താണെന്നു കൂലംകുഷമായി ചര്‍ച്ച ചെയ്യുന്നവര്‍, ചെങ്ങന്നൂര്‍ ചിപ്പിയിലെ സ്ഥിരം കുറ്റികള്‍, വെള്ളമടിക്കാര്‍, ഒഴപ്പന്മാര്‍, ചുണയുള്ളവന്‍മാര്‍...അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നവര്‍.

രണ്ടാമത്തെ വിഭാഗമാണ് 'ഫാര്‍ട്ട്' മെമ്പര്‍മാര്‍. അത് ബ്രാ മെംബേര്‍സ് കല്പിച്ചു നല്‍കിയ പേരാണു. "ഫ്രണ്ടിലെ ആണുങ്ങളുടെ റോയിലെ തെണ്ടികള്‍" എന്നതിന്‍റെ ചുരുക്കം. എല്ലാ ക്ലാസ്സിലും കയറുന്നവര്‍, ഫ്രീ അവര്‍ കിട്ടിയാല്‍ ലൈബ്രറിയില്‍ പോകുന്നവര്‍, ടീച്ചര്‍മാരോട് പഠിത്ത സംബധമായ ചോദ്യം ചോദിക്കുന്നവര്‍, അസ്സൈന്മേന്ടു സമയത്ത് ചെയ്യുന്നവര്‍, എക്സ് രേട്ടെട് വര്‍ത്തമാനം കേട്ടാല്‍ ഓഹ് ജീസസ് എന്ന് പറഞ്ഞു രംഗം കാലിയാക്കുന്നവര്‍, യുണിഫോം കറക്റ്റ് ആയിട്ടിട്ടു ക്ലാസ്സില്‍ വരുന്നവര്‍, ആരെങ്കിലും തന്തക്കു വിളിച്ചാല്‍ പ്രിന്സിയോടു കമ്പ്ലൈന്റ് ചെയ്യും എന്ന് പറയുന്നവര്‍, പാക്രികള്‍ എന്നറിയപ്പെടുന്നവര്‍, പഠിപ്പിസ്റ്റുകള്‍, ബുജികള്‍, സല്സ്വബാവികള്‍ എന്നീ ഗണത്തില്‍ പെടുന്നവര്‍.

ഞാന്‍ വിഭാഗം നമ്പര്‍ ത്രീയില്‍ ആയിരുന്നു. അതായതു രണ്ടു വിഭാഗത്തിന്‍റെയും നടുവില്‍... ഒരു വിഭാഗത്തിലും പെടാതെ... കാന്‍റീനിലെ വട പോലെ... ഉഴുന്നായതുകൊണ്ട് ഉഴുന്ന് വടയാകാം...ഉള്ളി ഉള്ളതുകൊണ്ട് ഉള്ളിവടയുമാകാം. എന്നാല്‍ ഏതാണെന്ന് വ്യക്തമായി പറയാന്‍ പറ്റാത്ത നിഗൂഡത...വേണേല്‍ തിന്നെച്ചു പോ എന്ന വെല്ലുവിളി ഉയര്‍ത്തുന്ന ഒരു മരീചിക. ഇടിവെട്ടിയ തെങ്ങിലെ പെട്ട തേങ്ങക്കകത്തു കുലുങ്ങുന്നത് മഴവെള്ളമോ അതോ തേങ്ങാവെള്ളമോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത കണക്കുള്ള ഒരു പ്രഹേളിക. 'ബ്രാ' യിലെ ജോഷി ഡേയ് മൈ... പടത്തിന് വരുന്നോടാ? എന്ന് ചോദിക്കുമ്പോള്‍ 'വരാലോ... ടിക്കറ്റ് നീയെട്' എന്ന് പറഞ്ഞു ക്ലാസ് കട്ട് ചെയ്തു ചെന്നും, വെള്ളമടി പാര്‍ടികളില്‍ സോഡാ ഒഴിച്ച് കൊടുത്തും, പാംബായവരെ ബൈക്കില്‍ കയറ്റി ഹോം ഡെലിവറി നടത്തിയും മറ്റും ബ്രായോടും, ഫാര്‍ട്ടിലെ ജോണിനോട് (കോളേജിലെ ഇവന്ജലിക്കല്‍ പ്രവര്‍ത്തനങ്ങള്‍ മൂലം ജോണ്‍ ദ ബാപ്ടിസ്റ്റ് എന്ന് മാന്യന്മാരുടെ ഇടയിലും, ജോണ്‍ ദ റേപ്പിസ്റ്റ് എന്ന് മറ്റുള്ളവരുടെ ഇടയിലും അറിയപ്പെട്ടിരുന്ന ജോണ്‍ കുഞ്ഞാട്) ലോഹ്യം പറഞ്ഞും, അവന്‍റെ ചാപ്പലിലെ മീറ്റ്നു കര്‍ട്ടന്‍ വലിച്ചു കൊടുത്തും, നോട്ടീസ് ഒട്ടിക്കാന്‍ നടന്നും ഫാര്‍ട്ടിനോടും ഞാന്‍ വിധേയത്തം പുലര്‍ത്തിപോന്നു.

തുടരും......